Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അനിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം.
തിരുവനന്തപുരം ഡിസിസി മുൻ അംഗം കൂടിയായ ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് സാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനായിരുന്നു സാമ്പിൾ ശേഖരിച്ചത്.
Kerala
പത്തനംതിട്ട: ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട തുക വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ പൊലിസ് കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ് പിടിയിലായത്.
റാണി ലക്ഷ്മി ജോലി നോക്കിയിരുന്ന മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയിരുന്നു.
ഇതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഉൾപ്പെടെ സംശയം തോന്നിയത്. ഇതേതുടർന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന ആവശ്യമുയർന്നു. പിന്നാലെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി.
തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് ഫണ്ട് മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡാൻസാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ രണ്ട് പൊലിസുകാരെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിനീത്, റോജിൻ എന്നിവർക്ക് നേരെയാണ് വധശ്രമമുണ്ടായത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൊലിസുകാരെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്.
വലിയതുറ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലിസിന്റെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും അൾട്ടോ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കാർ നിർത്തിയ ശേഷം പിന്നോട്ടെടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു.
റോജിന്റെ കാലിലൂടെ കാർ കയറ്റിയിറക്കി. വാഹനത്തിലുണ്ടായിരുന്നവർ ലഹരിസംഘമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുളങ്ങരയിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. കന്യാകുളങ്ങര സ്വദേശി നജീം(52) ആണ് പിടിയിലായത്.
വട്ടപ്പാറ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ലൈംഗികാതിക്രമം ഭയന്ന് പെൺകുട്ടി മദ്രസയിൽ പോകാൻ വിസമ്മതിച്ചിരുന്നു. കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ നിർബന്ധിച്ച് മദ്രസയിൽ അയച്ചിരുന്നു.
തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വന്ന കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ വട്ടപ്പാറ പൊലിസിൽ വിവരം അറിയിച്ചു. പ്രതി നിരന്തരം ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.
പൊലിസ് അന്വേഷണത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. വട്ടപ്പാറ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിൽ. കോട്ടയം ചേറാടി സ്വദേശികളായ സുനിൽ കുമാർ സി.ജി, അനിൽ കുമാർ സി.ജി, ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച ജീപ്പ്, ഇരട്ടക്കുഴൽ തോക്ക്, മറ്റ് മാരകായുധങ്ങൾ എന്നിവയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലിൽകുഴി ഭാഗത്ത് വച്ചാണ് സംഘം മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടർന്ന് ഇതിന്റെ ഇറച്ചി വിവിധ സ്ഥലങ്ങളിലായി വിൽപന നടത്തിയിരുന്നു.
മ്ലാവിന്റെ തലയും ആന്തരിക അവയവങ്ങളും വനപാലകർ ആവോലിൽകുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ വീണ്ടും വേട്ടയ്ക്കിറങ്ങിയത്.
തിങ്കളാഴ്ച പയ്യനാമൺ അടുക്കാട് ഭാഗത്ത് വേട്ടയ്ക്കിറങ്ങിയ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Kerala
മലപ്പുറം: ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കാറില്‍ കടത്തിക്കൊണ്ടുവന്ന കേസിൽ മുഖ്യ സൂത്രധാരന്‍ പിടിയിൽ. മൂത്തേടം സ്വദേശി അന്‍വർ ആണ് പിടിയിലായത്. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരുന്നു. ജൂലൈ 25ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ എളങ്കുര് മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് അന്‍വറിന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്ന് കണ്ടെത്തിയത്. പണം മുടക്കിയതും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ സംഘടിപ്പിച്ചു കൊടുത്തതും ഇയാളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഞായറാഴ്ച പത്തിരിയാന് വട്ടപ്പറമ്പിലുള്ള വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Kerala
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലാങ്കര മടക്കുംമുട്ടില്‍ ഷിബു ആണ് അറസ്റ്റിലായത്. പാലാങ്കര പുന്നപ്പാല അസൈനാര്‍ (54) ആണ് മരിച്ചത്.
സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അസൈനാര്‍ തലയടിച്ച് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
ഓഗസ്റ്റ് 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്ത ഷിബുവിനെ കോടതിയില്‍ ഹാജരാക്കി.
Kerala
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺകുമാർ(46)ആണ് പിടിയിലായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അരുൺകുമാർ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Kerala
കോട്ടയം: തിരുവല്ല ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വൈശാഖ്, ജോജു എന്നിവരാണ് പിടിയിലായത്. ജുവൽ ജോൺ ആണ് കൊല്ലപ്പെട്ടത്.
പിടിയിലായ ഇരുവർക്കുമെതിരെ നരഹത്യവകുപ്പ് ചുമത്തി. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ജുവലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികൾക്ക് കൊലപ്പെടുത്തണമെന്ന ലക്ഷ്യം ഇല്ലായിരുന്നുവെന്നു പോലീസ് അറിയിച്ചു.
പ്രതികളിൽ ഒരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. വൈശാഖ് ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ്(48), പരപ്പില്‍ സ്വദേശി രജാദ്(38), രാമനാട്ടുകര സ്വദേശി നന്ദകുമാര്‍ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്നുല്‍ ഷാഹിം(22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മാനാഞ്ചിറ സ്ക്വയറിനുള്ളില്‍ പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്രോളിംഗ് സംഘം അവിടേക്ക് എത്തുകയായിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട പ്രതികളോട് അവിടെ നിന്നും പോകാന്‍ പോലീസ് ആവശ്യപ്പെട്ടു.
ഇതേതുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദര്‍ശിന്റെ വലതു കൈയില്‍ സംഘത്തിണ്ടായിരുന്ന ഒരാള്‍ സിറിഞ്ചുകൊണ്ട് കുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.
Kerala
താമരശേരി: പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ. ബാലുശേരി കിനാലൂർ ഇരൂൾക്കുന്നുമ്മൽ യാസിർ (29) ആണ് അറസ്റ്റിലായത്. മലപ്പുറം ജുമാ മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാസിർ പിടിയിലായത്.
സംശയം തോന്നിയ നാട്ടുകാരാണ് യാസിറിനെ പിടികൂടിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ താമരശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 20ഓളം കേസുകളിൽ യാസിർ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെ കോച്ചിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അർധനഗ്നമായ നിലയിൽ സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോയെന്ന് പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച രാവിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
ജീവനക്കാർ വിവരമറിയിച്ചതിന് പിന്നാലെ ധാർവാഡ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം ട്രെയിനുള്ളിൽ ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിയിട്ടില്ല.
കോലാപൂരിൽ നിന്ന് എത്തിയതായിരുന്നു ട്രെയിൻ. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഈസ്റ്റ് ഗാരോ ഹിൽസ്: മേഘാലയയിൽ വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ വെടിയുതിർത്ത നാല് പേരെ വധിച്ചു. ഈസ്റ്റ് ഗാരോ ജില്ലയിലാണ് സംഭവം. ഈസ്റ്റ് ഗാരോ ഹിൽസിലെ സോംഗ്സാക് മേഖലയിൽ പുലർച്ചെ നാലോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്.
ഇതേ തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനുശേഷം ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും ഈസ്റ്റ് ഗാരോ ഹിൽസ് പോലീസ് സൂപ്രണ്ട് സ്വപ്നിൽ പവാർ അറിയിച്ചു.
കൊല്ലപ്പെട്ടവർക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമോ ക്രിമിനലുകളുമായി ബന്ധമോ ഉണ്ടായിരിക്കാമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 25ന് സംസ്ഥാന അതിർത്തിക്ക് സമീപമുള്ള താപ്രയിൽ നടന്ന സംഭവവുമായി ഇവർക്ക് ബന്ധമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെയുണ്ടായ തർക്കത്തെ തുടർന്നാണ് മർദനമേറ്റത്. കാറും സ്വകാര്യബസും തമ്മിലിടിച്ചാണ് അപകടമുണ്ടായത്.
പെട്രോൾ പമ്പിൽ വച്ചുണ്ടായ വാക്കു തർക്കത്തിലാണ് ബസ് ഡ്രൈവറെ കാറിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് മർദിച്ചത്. ബസ് ഡ്രൈവറെ നിലത്തിട്ട് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പികെഎസ് ബസിലെ ഡ്രൈവർ ഷമീറിനാണ് മർദനമേറ്റത്.
Kerala
കോഴിക്കോട്: കോഴിക്കോട് പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് അക്രമസംഭവം അരങ്ങേറിയത്.
അക്രമിസംഘം പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ലഹരിസംഘത്തിന്റെ ആക്രമണമുണ്ടായത്.
ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിലും ജിഎസ്ടി വെട്ടിപ്പിലും കുരുക്ക് മുറുകുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസും അന്വേഷണം നടത്തും. 26 കോടി രൂപയുടെ ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുക.
അന്വേഷണത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇഡിയുടെ നടപടിക്ക് പിന്നാലെയാണ് ജിഎസ്ടി പിരിവിലെ ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കാൻ വിജിലൻസ് രംഗത്തെത്തുന്നത്. ജിഎസ്ടി വെട്ടിപ്പിലെ ഉദ്യോഗസ്ഥ-സ്പോൺസർ ബന്ധങ്ങളും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും.
Kerala
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റി. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ചെങ്ങന്നൂർ കൊല്ലകടവിലാണ് സംഭവം. റാലിയിൽ പങ്കെടുത്തിരുന്ന മൂന്നു കുട്ടികൾക്കാണ് പരിക്കേറ്റത്.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂവരും മദ്യലഹരിയിലായിരുന്നു. സംഭവത്തിൽ മൂന്നുപേർക്കുമെതിരെ പോലീസ് കേസെടുത്തു. പോലീസിന്റെ പരിശോധനയിൽ കാറിൽ നിന്നും മദ്യ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. റോഡിൽ വാക്കുതർക്കത്തിലേർപ്പെട്ട രണ്ട് യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ചേർത്തല സ്വദേശി രതീഷിനാണ് മർദനമേറ്റത്.
ഓഗസ്റ്റ് 17ന് രാത്രി ഏഴോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചേർത്തല പള്ളിചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്തുവച്ചാണ് മൂന്ന് യുവാക്കൾ ചേർന്നാണ് രതീഷിനെ ആക്രമിച്ചത്. പ്രതികൾ ഇയാളെ ഓടുകൊണ്ട് എറിയുകയും നിലത്തിട്ട് ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
ബ്രയിൻ ട്യൂമർ ബാധിതനായ രതീഷ് മരുന്ന് വാങ്ങി മടങ്ങും വഴിയാണ് സംഭവം. ആക്രമണത്തെ തുടർന്ന് കാശി, ശങ്കരൻ എന്നീ യുവാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നാമനെതിരെയും പോലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നാണ് പരാതി.
Kerala
കൊല്ലം: കൊല്ലം മയ്യനാട് കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനാകാതെ പോലീസ്. കെഎസ്ഇബി ഉദ്യോഗസ്ഥൻ ശ്രീകുമാറിനാണ് മർദനമേറ്റത്. കൂട്ടിക്കട സ്വദേശി ഹാഷിം ആണ് ശ്രീകുമാറിനെ ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഹാഷിം ഒളിവിൽ പോയിരുന്നു. ശ്രീകുമാറിനെ ഹാഷിം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയാണ് ഇരവിപുരം പോലീസിൽ ശ്രീകുമാർ പരാതി നൽകിയിട്ടുള്ളത്.
ഓഗസ്റ്റ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലൈൻ കമ്പികൾ മാറ്റി എബിസി കേബിൾ വലിക്കുന്ന ജോലിക്കായി കൂട്ടിക്കട ഭാഗത്ത് പകൽ സമയം വൈദ്യുതി വിച്ഛേദിച്ചിരുന്നു. തുടർന്ന് വൈദ്യുതി സപ്ലൈ പുനഃസ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഓഫീസിൽ കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.
Kerala
പത്തനംതിട്ട: റാന്നിയിൽ ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. റാന്നി പെരുനാട് അത്തിക്കയത്താണ് സംഭവം. നാറാണംമൂഴി സ്വദേശി ലിബുവിന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവത്തെ തുടർന്ന് കക്കുടുമൺ അത്തിക്കയം കണ്ണമ്പള്ളി സ്വദേശികളായ നിതിൻ ബിനു (24) സഹോദരൻ നിഖിൽ ബിനു (22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം.
അത്തിക്കയം റോഡിൽ ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ചെത്തിയ പ്രതികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ സമീപത്തുനിന്ന യുവാവിനെ മദ്യകുപ്പി പൊട്ടിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ലിബുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: കൊച്ചിയിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്ന് ആണ് പ്രതിയെ പോലീസ് പിടികൂടിയത്.
മത്സ്യകച്ചവടം നടത്തുന്ന ശിഹാബ് എന്ന യുവാവുമായി ഇയാൾക്ക് തർക്കം നിലനിന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം രാത്രി യുവാവിനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിഹാബ് കോമയിൽ തുടരുകയാണ്.
International
ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച സ്കൂൾ അധ്യാപകൻ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ ആഗാമി ചക്രവർത്തി പ്രാർഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ മുഗ്ധോ, സിദ്ധാർഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഗണപതി ചക്രവർത്തിയുടെ വീടിന്റെ ടെറസിൽ ഇരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും ഇത് ചോദ്യം ചെയ്തതിലെ വിരോധത്തിൽ കുടുംബത്തെ കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികൾ ഗണപതിയുടെ വീടിന്റെ ടെറസിൽ അതിക്രമിച്ച് കയറി ലഹരി ഉപയോഗിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ ഗണപതി യുവാക്കളെ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ ഗണപതിയെ അദ്ദേഹത്തിന്റെ തോളിലുണ്ടായിരുന്ന കോട്ടൺ തോർത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ ഭാര്യ പ്രീതിലതയെ ഗോവണിപ്പടിയിൽ വച്ചും പ്രതികൾ കൊലപ്പെടുത്തി. തുടർന്ന് മകൾ ആഗാമിയേയും മകൻ പ്രിയത്തിനെയും ഇവർ കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കൾ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
Kerala
പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ജിതിൻ ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 142 ഗ്രാം മെത്താംഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിലാണ് പ്രതി ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസിലായിരുന്നു ജിതിൻ യാത്ര ചെയ്തിരുന്നത്. വാളയാർ എക്സൈസ് പോസ്റ്റിലെ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വള്ളക്കടവിൽ രാത്രി ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 18ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ സംഘം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച മാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകൾ വാങ്ങുകയും ചെയ്തിരുന്നു.
ടീച്ചർ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ പോലീസിന് കൈമാറിയിരുന്നു. കൃത്യത്തിനു ശേഷം പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു. പിന്നാലെ പോലീസ് സ്വർണക്കടയിൽ എത്തി മാല കണ്ടെടുത്തു.
കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് മൂന്നര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വച്ച് ഇവർ പിടിയിലാകുകയായിരുന്നു.
ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വിൽപന. കിലോയ്ക്ക് 3,000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. അടയമണ്‍ സ്വദേശി രമണൻ ആണ് പിടിയിലായത്. ആത്മഹത്യ പ്രേരണകുറ്റം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കൊപ്പം താമസിച്ചിരുന്ന സൂര്യ(22) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് 10 ന് ആയിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് രമണനെ പോലീസ് പിടികൂടിയത്.
രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
പത്തനംതിട്ട: ഒപ്പം താമസിച്ചു വന്നിരുന്ന അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസ്(75) കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37 എന്നിവരെ കോയിപ്രം പോലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനു പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദിനെ അറിയിച്ചു.
തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. ന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐ ജി. സുരേഷ് കുമാര്‍, എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്ജന് ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമെന്നു സ്ഥീരീകരിച്ചു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലിസ് പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന മകന് ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്തു.
ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറു മാസത്തിലേറെയായി റിന്‍സിയും താമസിക്കുകയാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന്‍ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മയെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്പിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സി പി ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Kerala
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജൂലി തോമസ് കഞ്ചാവുമായി പിടിയിൽ. 30 ഗ്രാം കഞ്ചാവ് ആണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാവേലിക്കര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അഞ്ച് ഗ്രാം കഞ്ചാവുമായി എബ്രഹാം കോശി എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാൾക്ക് വീണ്ടും നൽകാനായി ബൈക്കിൽ കഞ്ചാവുമായി വരുമ്പോഴാണ് ജൂലി തോമസ് പിടിയിലാകുന്നത്.
മാവേലിക്കര, കായംകുളം ഭാഗങ്ങളിൽ പലയിടത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജൂലി തോമസ്. പ്രതി കാലങ്ങളായി നേരിട്ടല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചാണ് ലഹരിവിൽപന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
Kerala
പൂച്ചാക്കൽ: ആലപ്പുഴ തൈക്കാട്ടുശേരി പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശിനി അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം.
പാലത്തിന് നടുവിൽ സ്കൂട്ടർ ഹെഡ്ലൈറ്റ് ഓഫ് ചെയ്യാതെ ഇരിക്കുന്നത് കണ്ട വഴിയാത്രക്കാർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൂച്ചാക്കൽ പോലീസും അഗ്നിശമനസേനയും രാത്രി തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ബുധനാഴ്ച രാവിലെ ആറോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം സംസ്കാരം നടത്തി.
Kerala
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയിൽ നിന്ന് ഹാഷിഷ് പിടികൂടി. നരബലിക്കേസിൽ വിചാരണ നടക്കുന്ന കെട്ടിടത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ പോലീസ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്.
മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറു പ്ലാസ്റ്റിക് ബോട്ടിലുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. പനമ്പിള്ളി നഗറിലെ കേരള ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നരബലിക്കേസിന്റെ വിചാരണ.
കഴിഞ്ഞ ദിവസം കേസിൽ വിചാരണയ്ക്ക് ശേഷം മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ കോടതി കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് കൂട്ടിക്കൊണ്ട് വരുമ്പോൾ മുണ്ട് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെടുത്തത്.
ആറ് ഗ്രാം ഹാഷിഷ് ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സംഭവം വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ പോലീസ് ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പോലീസ് എത്തി ദേഹപരിശോധന പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൻ രാസലഹരി വേട്ട. അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ കടത്തിയ സംഘത്തെയാണ് പിടികൂടിയത്.
ഈഞ്ചക്കല്‍ സ്വദേശി കിരണ്‍, കിരണിന്റെ അമ്മ ബീന, പെണ്‍സുഹൃത്ത് സന്ധ്യ, അക്ഷയ് എന്നിവരാണ് പിടിയിലായത്. 125 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. നെയ്യാറ്റിന്‍കര ആറാലുംമൂട് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
Kerala
കൊല്ലം: ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. കൊട്ടിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൊട്ടിയം സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി.
ദമ്പതികൾ ഇംഗ്ലണ്ടില്‍ ജോലിക്കായി താമസിച്ചുവരികയായിരുന്നു. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്നും അതിക്രമങ്ങൾ നേരിട്ടതോടെയാണ് പരാതി നൽകിയതെന്നാണ് യുവതിയുടെ മൊഴി.
Kerala
പൂന്തുറ: തിരുവനന്തപുരം ബീമാപള്ളിയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ബീമാപള്ളി സ്വദേശി മാഹീൻകണ്ണ്(42), ബീമാപള്ളി മിൽക്ക് കോളനി സ്വദേശി നസീർ(51) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ പൂന്തുറ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് പിടിയിലായത്. നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷിബുവിന് നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ ഒരു വീടിന് മുന്നിൽ ഒരാൾ ബഹളം വയ്ക്കുന്നതായി വിവരം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പട്രോളിംഗ് സംഘം സ്ഥലത്തെത്തുമ്പോൾ സുജിത്ത് ചോരയൊലിക്കുന്ന കൈയുമായി റോഡിൽനിന്ന് ബഹളം വയ്ക്കുകയായിരുന്നു.
ഇയാളെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ ഷിബുവിനെ ആക്രമിച്ചത്. സുജിത്തിന്റെ ചവിട്ടേറ്റ് റോഡിൽ വീണ ഷിബുവിന്റെ കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു. തുടർന്ന് ബലം പ്രയോഗിച്ചാണ് സുജിത്തിനെ ആംബുലൻസിൽ കയറ്റിയത്.
Kerala
തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളുമായി വയോധികൻ പിടിയിൽ. വലപ്പാട് എസ്എന്‍ സെന്റര്‍ സ്വദേശി കറപ്പം വീട്ടില്‍ അബ്ദുള്ളക്കുട്ടി (65) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 65 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.
വലപ്പാട് എസ്എന്‍ സെന്ററിലെ ബിസ്മി സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. അബ്ദുള്ളക്കുട്ടി വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നേരത്തെയും നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64)ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശശിധരന്റെ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ 12.30ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: ട്രെയിനിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡുകൊണ്ട് ആക്രമിച്ച യുവതിക്കെതിരെ കേസെടുത്തു. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31) ആണ് അതിക്രമം നടത്തിയത്.
ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്സ്പ്രസിലാണ് സംഭവം. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികരുടെ മൊഴി. യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതോടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡുകൊണ്ട് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ആക്രമിക്കുകയായിരുന്നു.
ഇതോടൊപ്പം യുവതി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പോലീസിന് കൈമാറി. ഓഗസ്റ്റ് 13ന് ബൊറിവലി റെയിൽവെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Kerala
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് കുരുവട്ടൂര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുറ്റിയില്‍ വീട്ടില്‍ അതുൽ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. മലാപറമ്പ് സ്വദേശിയെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു.
തുടർന്ന് യുവാവിന്റെ നഗ്ന ചിത്രം കുടുംബത്തിന് അയച്ചുനൽകി, എട്ട് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ച സംഭവത്തിൽ മകനും സുഹൃത്തും പിടിയിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.
ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടംവീട്ടുകയും ചെയ്തു. ബാക്കി പണം മദ്യപിച്ച് തീർത്തു. ടോജൻ മുമ്പും വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വയോധികനിൽ നിന്ന് പത്ത് കോടി തട്ടിയെടുത്ത സോഷ്യൽ മീഡിയ താരം പിടിയിൽ. ഛത്രപതി സംഭാജിനഗർ സ്വദേശി രോഹൻ ജാദവ് ആണ് പിടിയിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
സിബിഐ ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുസംഘം വയോധികനെ ബന്ധപ്പെട്ടത്. തുടർന്ന് ഡിജിറ്റൽ അറസ്റ്റിലാക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74 കോടി രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വയോധികൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹർഷദ് സുഭാഷ് ധൻടോലെ, സമർത്ത് സുരേഷ് ദേശ്മഖ്, അമർ ശിവാജി അട്ടാർഖി എന്നിവർ പിടിയിലായി.
പിടിയിലായവരിൽ നിന്നാണ് രോഹനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വയോധികനിൽ നിന്ന് തട്ടിയെടുത്ത പണം 5,436 ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിരുന്നു.
ബാങ്ക് അക്കൗണ്ടുകളും മറ്റ് വരുമാന മാർഗങ്ങളും പൊലീസ് മരവിപ്പിച്ചതോടെ രോഹൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
Kerala
കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ഏര്‍പ്പെടുത്തിയ ജാമ്യ വ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി.
ജാമ്യം നല്‍കരുതെന്ന പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത് എന്നായിരുന്നു എസ്ഐടി ഉയര്‍ത്തിയ ആരോപണം. തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആദ്യം ജാമ്യം ലഭിച്ച പ്രതിയാണ് ഹരീഷ് കുമാര്‍.
National
മുംബൈ: പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഗുരുദ്വാര സന്ദർശനത്തിനിടെയാണ് സംഭവം. ഉച്ചയ്ക്ക് 1.45 ഓടെയാണ് ആക്രമണം. ആക്രമണത്തിൽ സുഖ്ബീര്‍ സിംഗ് ബാദലിനും സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
നിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കൈയ്ക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് പ്രാഥമിക വിവരം. പ്രതിയെ പോലീസ് പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.
സംഭവ സമയം ബാദലിന്റെ ഭാര്യയും അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ബാദലിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
Kerala
അന്തിക്കാട്: സർപ്പദോഷമുണ്ടെന്ന് ആരോപിച്ച് വീട്ടമ്മയുടെ പണവും സ്വർണാഭരങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത(28), പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്തു വീട്ടിൽ റോജ (43) എന്നിവരാണ് പിടിയിലായത്.
പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലതയിൽ നിന്നാണ് പ്രതികൾ ആറരപ്പവൻ സ്വർണവും പണവും തട്ടിയത്. വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തിയാണ് സ്വർണലതയിൽ നിന്ന് പ്രതികൾ ആഭരണങ്ങളും 6500 രൂപയും തട്ടിയെടുത്തത്.
സർപ്പകോപം ഇല്ലാതാക്കാൻ സ്വർണത്തിൽ പാമ്പിന്റെ മുട്ടയും ശില്പവും തയാറാക്കി സമർപ്പിക്കണമെന്നായിരുന്നു പ്രതികൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചത്. പിന്നാലെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ സ്വർണലത പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിക്കാരിയിൽ നിന്ന് കൈവശപ്പെടുത്തിയ സ്വർണം പ്രതികൾ ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റിരുന്നു. പോലീസ് സ്വർണം വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് നടത്തിയ ബോധവത്കരണ പരിപാടിക്കിടെ മോഷണമുതലുമായി പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. മലപ്പുറം തിരൂർ കടപ്പുറം അരിയന്റെ പുരയ്ക്കൽ സൂഫിയാൻ (25) ആണ് പിടിയിലായത്.
മൊബൈൽ ഫോൺ മോഷണം പെരുകിയതോടെ യാത്രക്കാരെ ബോധവത്കരിക്കാനാണ് റെയിൽവേ പോലീസ് ക്ലാസ് നടത്തിയത്. ഇതിനിടെയാണ് അസ്വസ്ഥനായിരിക്കുന്ന ഒരു യാത്രക്കാരനെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് കൊല്ലം സ്വദേശിയുടെ മോഷണം പോയ ഫോൺ കണ്ടെത്തി. ഇതേതുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സൂഫിയാൻ വധശ്രമം ഉൾപ്പെടെ 10ഓളം കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് കിടപ്പുരോഗിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കല്ലമ്പലം സ്വദേശികളായ ബിജു, മനീഷ്, പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരാണ് പിടിയിലായത്.
നാവായിക്കുളം ചിറ്റായിക്കോട് കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഒരു വർഷമായി അരയ്ക്ക് താഴെ തളർന്നുകിടക്കുന്ന അനിൽ കുമാറിനെയാണ് പ്രതികൾ ആക്രമിച്ചത്. വീട്ടിനുള്ളിൽ കടന്ന പ്രതികൾ അനിൽ കുമാറിനോട് പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പിന്നാലെ അനിൽകുമാർ വീട്ടിൽ സൂക്ഷിച്ചിരുന്ന 3750 രൂപയും 20,000 വിലമതിക്കുന്ന മൊബൈൽ ഫോണും കവർന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. പശ്ചിമ ബംഗാൾ ജലങ്കി സ്വദേശിയായ അസ്ലം ഷേക്ക് (31) ആണ് പിടിയിലായത്.
പശ്ചിമ ബംഗാളിൽ നിന്ന് ആണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് പ്രതി. പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു.
കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്. കഞ്ചാവ് ഏർപ്പാടാക്കുന്നതും ട്രെയിൻ മാർഗം എത്തിക്കുന്നതും ഇവിടെ വിൽപ്പന നടത്തുന്നതും പല പല ടീമുകളായിട്ടായിരുന്നു. മുർഷിദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹുക്കാറ എന്ന സ്ഥലത്തുനിന്നും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.
Kerala
ഹരിപ്പാട്: ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണപതക്കം മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നാണ് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷണം പോയത്.
കേസിൽ മുൻ ശാന്തിക്കാരൻ ഒ.വി. വിഷ്ണു (36) ആണ് പിടിയിലായത്. പകരം ശാന്തിക്കാരനായി ഇയാൾ ക്ഷേത്രത്തിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നിന് പുലർച്ചെ നടന്ന മോഷണം, രാവിലെ ശാന്തിക്കാരൻ ക്ഷേത്രം തുറന്നപ്പോഴാണ് അറിയുന്നത്.
ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും തോർത്തും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പോലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
മുംബൈ: മഹാരാഷ്ട്രയിൽ റോഡ് അപകടത്തിൽ പരിക്കേറ്റ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പാൽഘറിലെ തൽസാരിയിലാണ് സംഭവം. ബൈക്കിൽ നിന്ന് വീണ യുവതിയെ സഹായിക്കാനെത്തിയവരാണ് പീഡിപ്പിച്ചത്.
സുഹൃത്തിനൊപ്പം ഗുജറാത്തിൽ നിന്ന് മടങ്ങിവരുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ ഒളിവിലെന്ന് പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ക്രൂരമായി മർദിച്ച പ്രതി പിടിയിൽ. റാന്നി കരികുളം പഴവങ്ങാടിയിൽ ജോബി ജേക്കബ് ജോർജ് (43) ആണ് പിടിയിലായത്. ജോബിയുടെ ആക്രമണത്തിൽ അമ്മയുടെ കൈവിരലിന് പൊട്ടലുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ജോബി മദ്യപിക്കുന്നതിനായി പണം നൽകാത്തതിന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മുൻപും ഇയാൾ അമ്മയെ ഉപദ്രവിച്ചതിന് പോലീസിന് പരാതികൾ ലഭിച്ചിരുന്നു.
ഞായറാഴ്ച ഇയാൾ അമ്മയെ പശുത്തൊഴുത്തിൽ നിന്നും വലിച്ച് പുറത്തിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പിടിയിലായ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്.
വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കായിക വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഫയലുകൾ മുഖ്യമന്ത്രിക്കു കൈമാറിയതെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മെസി കേരളത്തിലേക്ക് എത്തുന്നതിനെക്കുറിച്ച് താരത്തിനുതന്നെ അറിവുണ്ടായിരുന്നോ എന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയോ മറ്റ് അധികൃതരുടെയോ ഔദ്യോഗിക സ്ഥിരീകരണമോ അനുമതിയോ ഇല്ലാതെ ഇത്തരം വാഗ്ദാനങ്ങൾ നൽകിയതിൽ വലിയ ദുരൂഹതയുണ്ട്.
കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ഇതിന്റെ ഗുണഭോക്താവ് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ നാല് പ്രതികളാണ് പിടിയിലായത്.
കേസിൽ ആകെ 15 പ്രതികളാണുള്ളത്. പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, കോട്ടയം വോളൂർ സ്വദേശി മിഥിൽരാജ്, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഇരുവരും മലയാളികളാണ്.
ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമാനൂർ പേരൂരിനടത്ത് പൂവത്തുംമൂട്ടിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ മോഷണം നടന്നത്. 15 അംഗ സംഘമാണ് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയത്. ക്യാമ്പിലുണ്ടായിരുന്നത് 33 തൊഴിലാളികൾ. ഇവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. ലഹരി ഇടപാടുകളിലൂടെ സുഹൃത്തുക്കളായവരാണ് മോഷണ സംഘത്തിലുള്ളത്. നിലവിൽ പിടിയിലായ നാല് പേരെ വിശദമായി പോലീസ് ചെയ്തുവരികയാണ്.
Kerala
തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സുധീർ(46) ഇയാളുടെ രണ്ടാംഭാര്യ വെള്ളറട സ്വദേശിനി ലിൻഡമോൾ(34) എന്നിവരാണ് പിടിയിലായത്.
വലിയതുറ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചു. ചൈൽഡ് വെൽഫയർ അധികൃതർ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വിവരം വലിയതുറ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ലിൻഡമോൾ കുട്ടിയെ മർദിച്ചതിന്റെ പാടുകളും ദേഹത്ത് കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരെ ജുവൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ചേലക്കര: തോട്ടേക്കാട് കാരക്കുണ്ട് പാലത്തിനു സമീപത്ത് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക. എട്ടു വെടിയുണ്ടകളാണ് ഇവിടെനിന്നു കണ്ടെടുത്തത്. രാവിലെ മൂന്നു വെടിയുണ്ടകളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് പോലീസ് എത്തി നടത്തിയ വിശദമായ തെരച്ചിലിൽ അഞ്ചെണ്ണംകൂടി കിട്ടി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് പതിവായി വാഹനങ്ങൾ എത്താറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. രാത്രി ഒന്നിനും മൂന്നിനും ഇടയിലാണു വാഹനങ്ങൾ എത്തുന്നതിന്റെ ശബ്ദം കേൾക്കാറുള്ളത്. വെടിയുണ്ടകൾ കണ്ടെത്തിയതോടെ ഈ വാഹനങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് നാട്ടുകാർ സംശയിക്കുന്നു.
വെടിയുണ്ടകൾ എങ്ങനെ ഇവിടെയെത്തി, ആരുടേതാണ്, ഇവ ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. പ്രദേശത്ത് പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: രോഗബാധിതയായി തളർന്നുകിടന്ന സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ. പടപ്പക്കര ചരുവിള വീട്ടിൽ രാജു (53) ആണ് പിടിയിലായത്. സ്ട്രോക്ക് ബാധിച്ച് തളർന്നുകിടന്ന കിടപ്പു രോഗിയായ സ്ത്രീയെ അതിക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു പ്രതി.
കുണ്ടറ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. യൂറിൻ ട്യൂബ് വലിച്ചുപൊട്ടിക്കുകയും മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത പ്രതി, പീഡനം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പോലീസ് പറയുന്നത്.
2020 ൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും രാജു പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്. പദ്ധതിയുടെ ഭാഗമായി 300 ഗുണ്ടകളുടെ പട്ടികയാണ് പോലീസ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ചും ഇന്റലിജൻസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പോലീസ് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് ഓപ്പറേഷൻ ഗ്രിപ്പിലൂടെ കേരള പോലീസ് പദ്ധതിയിടുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ. ഗുണ്ടാ ബന്ധമുള്ളവർ, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽ ഉൾപെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് കമർപുർ കോളനി സ്വദേശിയായ അഹദ് അലി (36) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 15.183 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കളമശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. നേരത്തെ ഇയാൾ കണ്ണൂരിൽ നിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ആയങ്കിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ അർജുന് ഒളിവിൽ പോകാൻ ഉപയോഗിച്ചിരുന്ന കാർ പോലീസ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
National
ലക്നോ: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മഥുര സ്വദേശിയായ മനോജ് സോണി കൊല്ലപ്പെട്ടതായാണ് ഇയാളുടെ ഭാര്യ മൊഴി നൽകിയിരിക്കുന്നത്. മകളുടെയും മകളുടെ കാമുകന്റെയും സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും മൃതദേഹം യമുനാതീരത്തെ വനമേഖലയിൽ കത്തിച്ചശേഷം കുഴിച്ചിട്ടെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ മനോജിന്റെ ഭാര്യ നൈന (40), മകൾ ഭക്തി, ഭക്തിയുടെ കാമുകൻ വിമൽ ചൗധരി (22) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അതേസമയം മനോജിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖലയിൽ വ്യാപക തെരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനാകാത്തതിനാൽ കൊലപാതകം നടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം മനോജിനെ ഏപ്രിൽ 18 മുതൽ കാണാനില്ല. ഏപ്രിൽ 21ന് നൈന ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാരണമൊന്നും വ്യക്തമാക്കാതെ അടുത്ത ദിവസം തന്നെ പരാതി പിൻവലിച്ചു. മൂന്ന് ആഴ്ച കഴിഞ്ഞിട്ടും മനോജിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ രാംബാബു പോലീസിൽ പരാതി നൽകുകയായിരുന്നു.
മയക്കുമരുന്ന് കലർത്തിയ പാൽ മനോജിന് നൽകി അബോധാവസ്ഥയിലാക്കിയശേഷം തലയിൽ കല്ലുകൊണ്ട് ഇടിച്ചു കൊന്നുവെന്നാണ് ഭാര്യ മൊഴി നൽകിയത്. തുടർന്ന് മകളും മകളുടെ കാമുകനും ചേർന്ന് മൃതദേഹം യമുനാതീരത്തെ അക്രൂർ ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി കത്തിച്ചെന്നുമാണ് മൊഴി. മൃതദേഹമോ മറ്റ് നിർണായക തെളിവുകളോ കണ്ടെത്തിയാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായിരുന്ന പ്രതി മരുതോങ്കര സ്വദേശി കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി.
ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ പ്രതികളിലേക്ക് എത്താനും തെളിവ് ശേഖരിക്കാനും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും 5,000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗം വാദം.
അതേസമയം കേസിൽ ബിആര്‍സിയിലെ മുൻ അധ്യാപികമാരും മറ്റ് പ്രതികളുമായ നീഷ്മ, കാവ്യ എന്നിവര്‍ നൽകിയ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.
Kerala
പത്തനംതിട്ട: ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി മനോജ് (43) ആണ് പിടിയിലായത്. കീഴ്വായ്പുർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇയാൾ പതിവായി മദ്യപിച്ചെത്തി ഭാര്യയെയും മൂന്നു മക്കളെയും ഉപദ്രവിച്ചിരുന്നു. ഇതേതുടർന്ന് ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം.
അതിക്രമം സഹിക്കാനാകാതെ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ബൈക്കിലെത്തിയ പ്രതി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.